Saturday, May 30, 2009

Sree Narayana Guruvinte Jeevitha Charitram in Malayalam

Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:
(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)
Narayana Guru by Natraja Guru malayalam Article part1
Narayana Guru by NatarajaGuru:

(courtesy-Gurukualam Philosophical Monthly; Vol.5, No.12, March 1969,ed.Nitya Chaitanya Yati.)



ആദ്യകാലത്തു നാണു ആശാന്‍(നാരായണന്‍ ആശാന്‍ എന്നതിന്‍റെ ഹ്രസ്വരൂപം) എന്നറിയപ്പെട്ടിരുന്ന നാരായണ ഗുരു ൧൮൫൪ ആഗസ്റ്റ് മാസം൨൦-ആണ് ഭൂജാതനായത്. അദ്ദേഹത്തിന്‍റെ പിതാവ് 'മാടന്‍ ആശാന്‍' ആയിരുന്നു. തന്‍റെ വീട്ടില്‍ സമ്മേളിക്കുന്ന ഗ്രാമവാസികള്‍ക്ക് പുരാണങ്ങള്‍ വായിച്ചു കേള്‍പ്പിക്കുകയും അര്‍ത്ഥംവിശദീകരിച്ചുകൊടുക്കുകയും പതിവായിരുന്നതിനാലാണ് 'ആശാന്‍' എന്നദ്ദേഹത്തെ വിളിച്ചുവന്നത്. തിരുവനന്തപുരത്തുനിന്ന് ൧൦ നാഴിക വടക്കുമാറിയുള്ള ചെമ്പഴന്തി ഗ്രാമത്തിലായിരുന്നു മാടനാശാന്‍റെ ഭവനം. പില്ക്കാലത്തു പ്രഖ്യാതനായിത്തീര്‍ന്ന നാരായണ ഗുരുവിന്‍റെ എളിയ പരിതഃസ്ഥിതിയിലുള്ള ജന്മത്തിനു സാക്ഷ്യം വഹിക്കുന്ന ഗൃഹം ഇന്നും പരിരക്ഷിക്കപ്പെട്ടുപോരുന്നുണ്‍ട്. മാതാവായ കുട്ടിയമ്മ ശാന്തപ്രകൃതയും, ഈശ്വരഭക്തയും, എന്തും എളുപ്പത്തില്‍ മനസില്‍ തട്ടുന്ന മട്ടുകാരിയും ആയിരുന്നു. നാണുവിനു ൨൦ വയസു തികയുന്നതിനുമുന്‍പു ആ സാദ്ധ്വി പരലോകം പ്രാപിച്ചു. വ്യാസമഹര്‍ഷിക്കു ജന്മം നല്‍കിയ ദാശപുത്രി സത്യവതിയെപ്പോലെ, പാരമ്പര്യത്തെക്കുറിച്ചൊ,സമ്പല്‍പ്രൌഢിയിക്കുറിച്ചൊ ഒന്നും അവകാശപ്പെടാന്‍ അവര്‍ക്കും ഉണ്‍ടായിരുന്നില്ല. അവരുടെ നന്‍മകള്‍ സഹജങ്ങളായിരുന്നു

പ്രായപൂര്‍ത്തിയെത്തിയതിനുശേഷം,പിതാവുനടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പൊഴേക്കും മലയാളവും, കുറച്ചൊക്കെ തമിഴും, പഠിക്കാന്‍ കഴിയുന്നേടത്തോളം കാവ്യം,നാടകം, വ്യാകരണം,അലങ്കാരം എന്നിങ്ങനെയുള്ള സംസ്കൃതപാഠങ്ങളും നാണു നേടിക്കഴിഞ്ഞിരുന്നു. അച്ഛനും മകനും, അങ്ങനെ,അന്നത്തെ പരിതഃസ്ഥിതി അനുവദിക്കുന്നിടത്തോളം പാണ്ഡിത്യമുള്ളവരായിരുന്നു. കുടുംബത്തിന്‍റെ ജീവിതമാര്‍ഗ്ഗമെന്ന നിലയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെങ്കിലും, 'ആശാന്‍' എന്ന സ്ഥാനം പാരമ്പര്യവഴിക്ക് തൊഴിലിനെ ആസ്പദിച്ചുതന്നെ വന്നുചേര്‍ന്നതാണ്. ആ നിലയ്ക്കു നാരായണന്‍റെ പശ്ചാത്തലം ഒരിടത്തരം കാര്‍ഷികകുടുംബത്തിന്‍റേതാണ് എന്നു പറയാം. ജ്യോതിഷം, ആയുര്‍വേദം തുടങ്ങിയ ശാസ്ത്രങ്ങളിലുള്ള അഭിരുചിയും സാംസ്കാരിക പാരമ്പര്യമായി സിദ്ധിച്ചിരുന്നു. നാണുവിന്‍റെ ഒരമ്മാവന്‍ ആയുര്‍വേദചികിത്സ തൊഴിലായിതന്നെ സ്വീകരിച്ചിരുന്നു. സങ്കുചിതവര്‍ഗ്ഗങ്ങളും ജാതികളും കൊണ്‍ടു വൈവിധ്യമാര്‍ന്ന ഇന്ന്നത്തെ കേരളത്തിന്‍റെ പ്രാഗ് കാലമെന്ന നിലയില്‍, നൂറുകണക്കിനു ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യചിത്രത്തെ ശരിക്കും മന്സ്സിലാക്കിയില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നരായണ ഗുരുവിനെ, ഇപ്പോള്‍ പലരും ചെയ്യാറുള്ളതുപോലെ, പിന്നോക്കജാതിയില്‍പ്പെട്ട ഒരു 'ഈഴവന്‍' എന്നു വകതിരിച്ചു കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്കിട നല്‍കുന്നതാവും. ഒരു കടങ്കഥപോലെ വൈവിദ്ധ്യം നിറഞ്ഞ കേരളത്തിന്‍റെ ശരിയായ ഒരു സാമൂഹ്യചരിത്രം സത്യസന്ധമായി എഴുതി ഉണ്‍ടാക്കുന്നതുവരെ വൈദേശികരായ കൊളോണിയല്‍ ഭരണക്കാരുടെയും കൃസ്ത്യന്‍ മിഷനറിമാരുടെയും സൌകര്യത്തിനായി ഓരോ പട്ടികയില്‍ ചേര്‍ത്തു വിളിച്ചുപോന്നിരുന്ന ജാതിപ്പേരുകള്‍ എന്നതില്‍ കവിഞ്ഞ് ഈ ജാതിനാമങ്ങള്‍ക്ക് ഒരര്‍ത്ഥവുമില്ല.

ബാല്യകാലത്ത് തടികുറഞ്ഞ്,കായികാഭ്യാസങ്ങള്‍ക്കു യുക്തമായ ശരീരപ്രകൃതിയായിരുന്നുവത്രെ നാണുവിനുണ്‍ടായിരുന്നത്. ഉന്നാം പിഴക്കാത്ത ആ ബാലന്‍,വീട്ടിനടുത്തുള്ള ഒരു കൂറ്റന്‍ മാവില്‍നിന്ന് മാങ്ങകള്‍ എളുപ്പത്തില്‍ എറിഞ്ഞുവീഴ്ത്തുമായിരുന്നു. വിദ്യാഭ്യാസകാലത്ത് തെറ്റില്ലാത്ത കൈയ്യക്ഷരവും,ഋജുവും പരിശുദ്ധവുമായ സ്വഭാവരീതികളുമാണു നാണുവിനുണ്‍ടായിരുന്നത്. അക്കാലത്തുപോലും ജാതിനിയമങ്ങളെ വിസ്മരിച്ചോ,കരുതിക്കൂട്ടി അതിലംഘിച്ചോ ഗ്രാമത്തിലെ എല്ലാ കുട്ടികളുമായും ആ ബാലന്‍ ഇടപഴകിയിരുന്നു എന്നു ജീവചരിത്രകാരന്‍മാര്‍ എടുത്തുപറയുന്നുണ്‍ട്. പാഠങ്ങള്‍ നാണുവിന് ഒട്ടും പ്രയാസമുള്ളതായിരുന്നില്ല. ഒരിക്കലും ശിക്ഷിക്കേണ്‍ടതില്ല, അങ്ങനെയൊരു ശിഷ്യനെയാണ് അദ്ധ്യാപകന്‍മാര്‍ അവനില്‍ കണ്‍ടത്. എന്നാല്‍ അദ്ദേഹത്തിന്‍റെ അന്വേഷണബുദ്ധിയാകട്ടെ എപ്പോഴും എല്ലറ്റിനെയും നിശിതമായി ചോദ്യം ചെയ്യുന്നതും, ഒരു ശാസ്ത്രജ്ഞന്‍റേതുപോലെ കാര്യകാരണങ്ങളെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുവാന്‍ നിര്‍ബന്ധം പിടിക്കുന്നതുമായിരുന്നു. ഔഷധികളുടെ ഗുണവീര്യങ്ങള്‍ പലപ്പോഴും പരിശോധിച്ചു നോക്കിയിട്ടുള്ളത് സ്വശരീരത്തില്‍ത്തന്നെ അവയെ പ്രയൊഗിച്ചുനോക്കിയിട്ടായിരുന്നുവെന്ന് കേട്ടിട്ടുണ്‍ട്.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നാണുവിന് സ്വന്തം പ്രവൃത്തിയും, സ്വന്തം ഗ്രാമത്തില്‍ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി.

ഒരിക്കല്‍ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് ഇരുപതു നാഴിക വടക്കുള്ള ഒരു ഗ്രാമത്തിലേക്കു പോയി. വീട്ടിലെ വിശ്വസ്ഥനായ ഒരു വേലക്കാരനുവേണ്‍ടി ഏതാനും സമ്മാനങ്ങള്‍ അവനു ലഭിക്കത്തക്കവണ്ണം വച്ചിട്ടുണ്‍ടായിരിന്നത്രെ. തിരഞ്ഞുചെന്ന അമ്മാവന്‍ കണ്‍ടത് ചിറയിന്കീഴ് ഗ്രാമത്തില്‍ ഉപരിപഠനം നടത്തുന്നതായിട്ടാണ്. അവിടെനിന്നും അമ്മാവനൊതൊപ്പം മടങ്ങിവന്നെങ്കിലും, വീണ്ടും സംസ്കൃതം പഠിക്കണമെന്നുള്ള നി‍ര്‍ബന്ധത്തോടുകൂടി കായംകുളത്തിനടുത്തുള്ള പുതുപ്പള്ളി എന്ന സ്ഥലത്തു പോകുകയുണ്‍ടായി. അവിടെ വാരണപ്പള്ളി എന്ന പുരാതന കുടുംബത്തില്‍ വിദ്യാര്‍ത്ഥികളെ താമസിപ്പിച്ചു ഗുരുകുല സമ്പ്രദായത്തില്‍ പഠിപ്പിക്കുന്ന പതിവുണ്‍ടായിരുന്നു. അക്കാലത്ത് അവിടെ ശിക്ഷണം നല്‍കി വന്നിരുന്നത് ഒരു സുപ്രസിദ്ധ പണ്ഡിതനായിരുന്ന കുമ്മമ്പിള്ളി രാമന്‍പിള്ള ആശാനായിരുന്നു. ഒരു ഏകാദ്ധ്യാപക സ്ഥാപനമായ ഈ പാഠശാലയില്‍ രണ്‍ടുമൂന്നു ഡസന്‍ വിദ്യാര്‍ത്ഥികള്‍ക്കു അടുത്തു മറ്റെങ്ങും ലഭ്യമല്ലാതിരുന്ന ഉയര്‍ന്ന തരത്തിലുള്ള വിദ്യാഭ്യാസം നല്‍കപ്പെട്ടുവന്നു. പുരാതനേന്ത്യയിലെ വനാന്തര ഗുരുകുലങ്ങളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അത്. ഭരണകൂടത്തിന്‍റെയോ സര്‍വ്വകലാശാലയുടെയോ സഹായമൊന്നുമില്ലാത്ത അത്തരം സ്ഥാപനങ്ങളാണ് ഇന്ത്യന്‍ സംസ്കാരപാരമ്പര്യത്തിന്‍റെ നട്ടെല്ലായിരുന്നിട്ടുള്ളത്. ഗുരു കോലായിലുള്ള തന്‍റെ പീഠത്തില്‍ ഇരുന്നുകൊണ്‍ട് പറഞ്ഞുകൊടുക്കുന്നത് അടുത്തിരുന്നു ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുവാനുള്ള പാകത്തില്‍ കെട്ടിയിരുന്ന ഒരോലക്കുടിലില്‍ ഇരുന്നു ശിഷ്യന്‍മാര്‍പാഠം കേള്‍ക്കുകയാണു പതിവ്. തലമുറകളെ കവച്ചുവച്ചുപോന്നിട്ടുള്ള ജ്ഞാനത്തിന്‍റെയും സംസ്കാരത്തിന്‍റെയും മുറിയാത്ത പ്രവാഹത്തെ നിലനിര്‍ത്തിപോന്നഇരുന്നത് ഇപ്രകാരമുള്ള ഗുരുക്കന്‍മാരുടെയും ശിഷ്യന്‍മാരുടെയുമിടയില്‍ ഉണ്‍ടായിരുന്ന സുദൃഢമായ പാരസ്പര്യമായിരുന്നു

ഈ വിദ്യാലയത്തിലെ ജീവിതം നാണുവിനൊഴിച്ചു മററാര്‍ക്കുംതന്നെ പ്രശാന്തമോ, അന്തര്‍മുഖത്വപ്രേരകമോ ആയിരുന്നില്ല. അന്നത്തെ സതീര്‍ത്ഥ്യരില്‍ പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവനാശാനും പിന്നീട് അവരുടെ സ്വന്തം രംഗങ്ങളില്‍ പ്രശസ്തരായി. അതുപോലെ പില്ക്കാത്ത് ഗുരുവിനോട് ഏറ്റവും ബന്ധപ്പെട്ട ഒരു മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികളെന്നു പിന്നീടു പ്രസിദ്ധനായിത്തീര്‍ന്ന കുഞ്ഞന്‍പിള്ള ചട്ടമ്പി. ഈ പേര് പഴയ തിരുവിതാംകൂറിലെ സംസ്കാരത്തേയും ഭാഷയേയുമ് വളരെ സ്വാധീനം ചെയ്തിരുന്ന തമിഴില്‍നിന്ന് ഉണ്‍ടായിട്ടുള്ളതായിരിക്കണം. ശിക്ഷണത്തിനു സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണു ചട്ടമ്പി എന്നു വിളിച്ചു വന്നിരുന്നത്.തമിഴില്‍ 'ചട്ടം' എന്നു പറഞ്ഞാല്‍ നിയമം എന്നും, 'പിള്ള'എന്നു പറഞ്ഞാല്‍ അധികാരിയെന്നുമാണ് അര്‍ത്ഥം. നാണു അസാധാരണമായ ഉള്‍വലിവോടുകൂതി ജിവിച്ചിരുന്ന അത്യന്തം സരളസ്വഭാവമുള്ള ഒരു ശാന്തനായിരുന്നു. ആ ജീവിതത്തിന്‍റെ അടിയൊഴുക്കു ഭക്തിനിര്‍ഭരമായിരുന്നു. എന്നാല്‍ തന്‍റെ സതീര്‍ത്ഥ്യരാകട്ടെ ഒന്നിനെയും സാരമാകുന്ന പ്രകൃതമുള്ളവരായിരുന്നില്ല. കടലില്‍സഞ്ചരിക്കുന്നവരുടെ ഒരു സാഹസിക മനോഭാവം അവരില്‍ തെളിഞ്ഞു കാണാമായിരുന്നു. വര്‍ഗ്ഗപരമായി നോക്കുന്നതായാല്‍ ഇവര്‍ക്കു ദക്ഷിണസാഗരദ്വീപുകളിലെ ജനങ്ങളുമായി വേഴ്ചയുണ്ടായിരുന്നു എന്നു പറയാം. അവരുടെ പ്രകൃതവുമായി ഒരിക്കലും പൊരുത്തപ്പെടാത്ത നാണുവിനെ അവര്‍ അതുകൊണ്‍ട് എപ്പോഴും പരിഹാസത്തിന് പാത്രമാക്കിയെങ്കില്‍ അതില്‍ ഒട്ടും അത്ഭുതപ്പെടുവാനില്ല. ഈ യുവാക്കന്‍മാരായ സതീര്‍ത്ഥ്യരുടെ ചാപല്യം അതിരു കടന്നു പോകാതെ നോക്കുവാന്‍ അക്കുടുംബത്തിലെ പ്രധാനിയായ കാരണവര്‍ ശ്രദ്ധവച്ചിരുന്നു. നാണു അധികസമയവും ഗ്രന്ഥപാരായണത്തില്൬ത്തന്നെ മുഴുകിയിരിക്കും.

തനിക്കു വേഴ്ചയുണ്‍ടായിരുന്നത് വളരെ കുറച്ചുപേരോടുമാത്രം. അതു പലപ്പോഴും എല്ലാവരാലും വിഗണിക്കപ്പെട്ടിരുന്ന ഭൃത്യനോടോ പശുപാലകനോടോ ആയിരിക്കുകയും ചെയ്യും. ബാലിശങ്ങളും ഉപരിപ്ലവങ്ങളുമായ കാര്യങ്ങളെ വിട്ട്, അഗാധ കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കുന്ന സാത്വികരുമായിട്ടായിരുന്നു അദ്ദേഹത്തിന്‍റെ സഹവാസം. ഒരിക്കല്‍ അദ്ദേഹം വാരണപ്പള്ളിയിലെ ഒരു ലതാനികുഞ്ജത്തില്‍ ധ്യാനലീനനായിരിക്കുമ്പോള്‍ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്കു ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ പിന്നീടു ചിരസ്ഥായിയായിത്തീര്‍ന്ന ഗൂഢാവബോധത്തിന്‍റെ പ്രാരംഭദശയായി ഇതിനെ കണക്കാക്കാവുന്നതാണ്. അന്നു താന്‍ അനുഭവിച്ച ആത്മനിര്‍വൃതിയുടെ ഒരു ഏകദേശരൂപം മനസ്സിലാക്കുവാന്‍ ഗുരു തന്നെ ആ അവസരത്തില്‍ രചിച്ച ഒരു പദ്യശകലം സഹായകമാകുമെന്നു കരുതി താഴെ ചേര്‍ക്കുന്നു:
ഭുയോവൃത്തി നിവൃത്തിയായ് ഭുവനവും സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ് ചുഴലവും ശോഭിച്ചു ദീപപ്രഭ;
മായാമൂടുപടം തുറന്നു മണിരംഗത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൌസ്തുഭമണിഗ്രീവന്‍റെ ദിവ്യോത്സവം.

No comments: